90 ശതമാനത്തോളം നിയമനങ്ങളും മന്ത്രിമാർ സ്വന്തം നിലയ്ക്കു പൂർത്തിയാക്കി; മുസ്‍ലിം ലീഗിൽ ഭിന്നത

  1. Home
  2. Latest

90 ശതമാനത്തോളം നിയമനങ്ങളും മന്ത്രിമാർ സ്വന്തം നിലയ്ക്കു പൂർത്തിയാക്കി; മുസ്‍ലിം ലീഗിൽ ഭിന്നത

muslim league


പഴ്സനൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടി പട്ടിക അട്ടിമറിച്ചു മന്ത്രിമാർ സ്വന്തം നിലയ്ക്കു നിയമനം നടത്തുന്നതിൽ മുസ്‍ലിം ലീഗിൽ ഭിന്നത. പഴ്സനൽ സ്റ്റാഫ് നിയമനത്തിനായി പാർട്ടി നേതൃത്വം ഇടപെട്ടു തയാറാക്കിയ പട്ടിക ഒഴിവാക്കി മന്ത്രിമാർ നിയമനം നടത്തുന്നതോടെ പാർട്ടിയും മന്ത്രിമാരും രണ്ടു വഴിക്കാണെന്ന ആക്ഷേപം ഉയരുന്നു.

മന്ത്രിസഭയിൽ ലീഗിന് 5 മന്ത്രിമാരാണുള്ളത്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനെ സ്വന്തം നിലയ്ക്കു തീരുമാനിക്കേണ്ടെന്നു ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വം ഇതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. മന്ത്രിമാരുടെ ഓഫിസിൽ നിന്നു കളങ്കിതരെ അകറ്റിനിർത്താനും ബന്ധു നിയമനങ്ങൾ അടക്കം ഒഴിവാക്കാനുമായിരുന്നു പാർട്ടി ഇടപെടൽ. പാണക്കാട് റഷീദലി തങ്ങളെയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെയും പട്ടിക തയാറാക്കാനായി സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ ചുമതലപ്പെടുത്തുകയും ചെയ്തു.

പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികൾ വഴിയും സർവീസ് സംഘടനകളുടെ ഡപ്യൂട്ടേഷൻ വഴിയും ലഭിച്ച അയ്യായിരത്തോളം അപേക്ഷകളിൽ നിന്നു വിദ്യാഭ്യാസ യോഗ്യത അടക്കം വിശകലനം ചെയ്താണ് പ്രഫഷനൽ ഏജൻസി 150 പേരുടെ പട്ടിക തയാറാക്കിയത്. ഈ പട്ടിക കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. സ്റ്റാഫിൽ 15 പേരെ ഈ പട്ടികയിൽനിന്നു മാത്രമേ എടുക്കാവൂ എന്നു നേതൃത്വം മന്ത്രിമാർക്കു കർശന നിർദേശവും നൽകിയിരുന്നു. ജൂൺ ഒന്നു മുതൽ നിയമന ഉത്തരവു നൽകാനായിരുന്നു സാദിഖലി തങ്ങളുടെ നിർദേശം. പട്ടികയിൽ ഉൾപ്പെട്ടവർ പ്രതീക്ഷയോടെ തിരുവനന്തപുരത്ത് എത്തിയെങ്കിലും മന്ത്രിമാരുടെ ഓഫിസുകളിൽ ഇതിനകം തന്നെ 90 ശതമാനത്തോളം നിയമനങ്ങളും പൂർത്തിയായിക്കഴിഞ്ഞു എന്ന വിവരമാണ് അറിഞ്ഞത്.

മൂന്നോ നാലോ പേർക്കു മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും നിയമനം നൽകാൻ തയാറായിട്ടുള്ളത്. പാർട്ടിയോട് ഒരാലോചനയും നടത്താതെ സ്റ്റാഫ് നിയമനം നടത്താൻ തീരുമാനിച്ചതു വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.