വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയക്കെതിരെയും ആക്രമണ ഭീഷണി മുഴക്കി ഡോണൾഡ് ട്രംപ്

  1. Home
  2. Latest

വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയക്കെതിരെയും ആക്രമണ ഭീഷണി മുഴക്കി ഡോണൾഡ് ട്രംപ്

  trump 


വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയക്കെതിരെയും സൈനിക നീക്കമുണ്ടാകുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊളംബിയയെ ആക്രമിക്കാൻ ഇത് അനുയോജ്യമായ സമയമാണെന്ന് താൻ കരുതുന്നതായി എയർഫോഴ്സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പ്രസ്താവിച്ചു. മയക്കുമരുന്ന് മാഫിയക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി മെക്സിക്കോയിലേക്കും കൊളംബിയയിലേക്കും സൈനിക ഓപ്പറേഷൻ വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്. പെട്രോ അസുഖബാധിതനാണെന്നും മയക്കുമരുന്ന് നിർമ്മാണത്തെയും അത് അമേരിക്കയിലേക്ക് കടത്തുന്നതിനെയും ഇഷ്ടപ്പെടുന്ന ഒരാളാണ് അദ്ദേഹമെന്നും ട്രംപ് ആരോപിച്ചു. കൊളംബിയയിൽ നിന്നുള്ള കൊക്കെയ്ൻ ഇറക്കുമതി അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്നും പെട്രോയുടെ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളംബിയക്കെതിരായ പുതിയ സൈനിക നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതൊരു 'നല്ല കാര്യമായി തോന്നുന്നു' എന്നായിരുന്നു ട്രംപിന്റെ മറുപടി.

അതേസമയം, വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കി. എന്നാൽ നയപരമായ മാറ്റങ്ങൾ വരുത്താൻ വെനസ്വേലയ്ക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകളും ഭീഷണികളും ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതുറന്നിരിക്കുകയാണ്.