കേരളക്കരയ്ക്ക് അഭിമാനമായി അജയ് രാജ്
കേരളക്കരയ്ക്ക് അഭിമാന നിമിഷം. സിവിൽ സർവ്വീസ് തിളക്കവുമായി മലയാളിയായ അജയ് ആർ രാജ്. കാഴ്ചാ പരിമിതികളെ അതിജീവിച്ചാണ് കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ അജയ് രാജ് 109ാം റാങ്ക് കരസ്ഥമാക്കിയത്. കഠിനമായ അഞ്ചാമത്തെ ശ്രമത്തിലാണ് അജയ് സിവിൽ സർവ്വീസ് സ്വന്തമാക്കുന്നത്. കാഴ്ച പരിമിതിയെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഈ കോഴിക്കോടുകാരൻ സിവിൽ സർവ്വീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
കോളേജിൽ പഠിക്കുമ്പോൾ മുതലാണ് അജയ്‌യുടെ മനസ്സിലേക്ക് സിവിൽ സർവ്വീസ് എന്ന ആഗ്രഹം എത്തുന്നത്. പിന്നീട് ആ സ്വപ്നം നെഞ്ചിലേറ്റിയായിരുന്നു യാത്ര. ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. ഇംഗ്ലീഷായിരുന്നു വിഷയം. തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് എന്ന അക്കാദമിയിലാണ് അജയ് യു പി എസ് സി കോച്ചിങ് നടത്തിയത്.
അഞ്ചാമത്തെ ശ്രമത്തിലാണ് അജയ് സിവിൽ സർവ്വീസ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ രണ്ട് ശ്രമങ്ങൾക്ക് കാര്യമായ പ്രാധാന്യം നൽകിയിരുന്നില്ലെന്നും പിന്നീട് നടത്തിയ മൂന്ന് ശ്രമങ്ങളിലാണ് ഫോക്കസ് നൽകിയതെന്നും കൂടുതൽ പ്രധാന്യം നൽകിയതെന്നും അജയ് പറഞ്ഞു. കോച്ചിങ് അക്കാദമി ഒരുക്കിയ പഠാനാന്തരീക്ഷം ഈ വിജയത്തിന് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളിൽ തുടങ്ങി മൂല്യനിർണയം വരെയുള്ള എല്ലാ കാര്യങ്ങളിലും അക്കാദമി ഏറെ സഹായകമായി. അക്കാദമിയിൽ നിന്നുള്ളവരുടെ പിന്തുണ എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ തവണ 730ാമത് റാങ്ക് ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വീണ്ടും റാങ്ക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ആ സമയത്ത് അനുഭവിച്ചിരുന്ന എല്ലാ കാര്യങ്ങൾക്കും ഇപ്പോൾ ഫലമുണ്ടായിരിക്കുകയാണെന്നും അജയ് പറയുന്നു.
