സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിൽ അമർഷം

  1. Home
  2. Latest

സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിൽ അമർഷം

sadiqali thangal


മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി. ശിഹാബ് തങ്ങളുടെ പ്രസ്താവന അനുചിതമായെന്നാണ് പ്രധാന വിമർശനം.

കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ പരസ്യമായ അഭിപ്രായം പറയുന്നത് പതിവില്ല. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകക്ഷികള്‍ പരസ്യ അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസിലെ ഒരു കൂട്ടം നേതാക്കളുടെ അഭിപ്രായം.കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരിക്കലും മുസ്‌ലിം ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ല. ഇത് ആദ്യമായാണ് പരസ്യമായ ഒരു പ്രതികരണം ലീഗിൽ നിന്നും ഉണ്ടാകുന്നത്. ഇത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും നേതാക്കൾ വിമർശനം ഉയർത്തി. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ലീഗ് നേതൃത്വത്തെ കോൺഗ്രസ് നേതാക്കൾ അറിയിച്ചേക്കുമെന്നാണ് സൂചന.കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പാടില്ലെന്നുള്ള ഹൈക്കമാൻഡ് നിർദേശം നിലനിൽക്കെയാണ് സാദിഖലി ശിഹാബ് തങ്ങളുടെ പരസ്യപ്രസ്താവന എന്നും നേതാക്കൾ വ്യക്തമാക്കി.

എക്സിറ്റ് പോളിൽ വി ഡി സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത്. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടതെന്നും ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞത്.