അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം
തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ ഏതാണ്ട് ഉറപ്പായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബിജെപിയിൽനിന്ന് രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, ജൂൺ രണ്ടിന് അണ്ണാമലൈ ന്യൂഡൽഹിയിൽവെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തന്റെ തീരുമാനം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ചർച്ചകൾക്ക് ശേഷം വിഷയങ്ങൾ പരിഗണിച്ച് ഉടൻ മറുപടി നൽകാമെന്ന് പാർട്ടി അണ്ണാമലൈക്ക് ഉറപ്പ് നൽകിയതായാണ് വിവിരം.
30 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, രാജിവെക്കാനുള്ള നീക്കം തൽക്കാലം മുന്നോട്ട് കൊണ്ടുപോകരുത് എന്നാണ് പാർട്ടി വൃത്തങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് എന്നാണ്. പാർട്ടിയിൽനിന്നുള്ള തന്റെ വേർപിരിയൽ സൗഹൃദപരമായിരിക്കണമെന്നും പരസ്യമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്നുമാണ് അണ്ണാമലൈ ആഗ്രഹിക്കുന്നത്. ഇക്കാര്യവും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം, അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നാണ് നിലവിൽ കൊടുംപിരി കൊള്ളുന്ന ചർച്ച. റിപ്പോർട്ടുകൾ പ്രകാരം, മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ മാസങ്ങൾക്കു മുമ്പേ പാർട്ടി വിടാൻ പദ്ധതിയിട്ടിരുന്നു. നടൻ വിജയ് ഒരു രാഷ്ട്രീയ ശക്തിയായി ഉയർന്നുവന്നതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ വന്നതായി അദ്ദേഹം വിശ്വസിക്കുന്നതായി അടുപ്പമുള്ളവർ പറയുന്നു.
