അനധികൃത മദ്യക്കേസില്‍ ആന്റാ അഗസ്റ്റിന് ജാമ്യം
അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച കേസില്‍ കഴിഞ്ഞ പതിനേഴിനാണ് ആന്റോ അറസ്റ്റിലായത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ആന്റോയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നുമായിരുന്നു ആന്റോയുടെ വാദം.
എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആന്റോയുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്.
