എടപ്പാളിലെത്തി അർജുൻ ആയങ്കി; CCTV ദൃശ്യങ്ങൾ പുറത്ത്
ഒളിവിലിരുന്ന് ആഭ്യന്തര വകുപ്പിനെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. എടപ്പാളിലെ ഒരു റെസ്റ്റോറന്റിൽ അർജുൻ ആയങ്കി എത്തി ഭക്ഷണം കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അർജുന് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ നാല് പേരെയും, പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിച്ച ഒരാളെയും അടക്കം അഞ്ചുപേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
വട്ടംകുളം സ്വദേശികളായ അഴകത്ത് വളപ്പിൽ ഫൈസൽ (33), അധികാരത്ത് വളപ്പിൽ അബൂബക്കർ സിദ്ധിഖ് (34), മുണ്ടേക്കാട്ടിൽ നൗഫൽ (36), പാലക്ക വളപ്പിൽ അഷ്കർ (36) എന്നിവരാണ് ഒളിവിൽ പാർപ്പിച്ച കുറ്റത്തിന് അറസ്റ്റിലായവർ. ഇവരെ പിടികൂടാൻ എത്തിയപ്പോൾ പോലീസിനെ തടസ്സപ്പെടുത്താൻ ശ്രമിച്ച ഉദിനിക്കൂട്ടിൽ മുഹമ്മദ് റാഫിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ അർജുൻ ആയങ്കിയെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയാൻ സഹായിച്ചതായാണ് പോലീസ് കണ്ടെത്തൽ. തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സഹായികൾ വലയിലായത്.
