പിണറായി വിജയൻ പ്രതിപക്ഷനേതാവാകട്ടെയെന്ന ശുപാർശ തള്ളി അവെയ്‌ലബിൾ പൊളിറ്റ്ബ്യുറോ
പിണറായി വിജയൻ പ്രതിപക്ഷനേതാവാകട്ടെയെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാർശ സിപിഎമ്മിന്റെ അവെയ്‌ലബിൾ പൊളിറ്റ്ബ്യുറോ (പിബി) തള്ളി. തുടർന്ന് ഓൺലൈനായി പൂർണ പിബി വിളിച്ചാണ് ശുപാർശ പാസാക്കിയെടുത്തത്; അതും 3 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന്.പൂർണ പിബി യോഗത്തിൽ മലയാളികളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരുടെയും തന്റെ തന്നെയും വോട്ടില്ലായിരുന്നുവെങ്കിൽ പിണറായിക്കു പ്രതിപക്ഷനേതൃപദം ദുഷ്കരമാകുമായിരുന്നു. പിണറായി പ്രതിപക്ഷനേതാവാകുന്നതിനോടു മറ്റൊരു മലയാളി അംഗം വിജു കൃഷ്ണൻ വിയോജിച്ചു.
പിബിയിലെ 18 അംഗങ്ങളിൽ യു.വാസുകി ഓൺലൈൻ യോഗത്തിൽ പങ്കെടുത്തില്ല. 10 പേർ പിണറായി തുടരട്ടെയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 7 പേർ എതിർത്തു. തിരഞ്ഞെടുപ്പു തോൽവി ചർച്ച ചെയ്ത കഴിഞ്ഞ പിബിയിൽ പിണറായിയും എം.വി.ഗോവിന്ദനും നിരത്തിയ ന്യായവാദങ്ങളെ നിശിതമായി വിമർശിച്ച ബംഗാൾ ഘടകത്തിലെ അംഗങ്ങൾ ഇക്കുറി പിണറായി തുടരട്ടെയെന്ന നിലപാടിനോടു യോജിച്ചത് കൗതുകമായി. കേരളത്തിൽനിന്നുള്ളവർക്കു പുറമേ തപൻ സെൻ, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, കെ.ബാലകൃഷ്ണൻ, അമ്രാറാം, ശ്രീദീപ് ഭട്ടാചാര്യ എന്നിവർ പിണറായിയെ പിന്തുണച്ചു. വിജു കൃഷ്ണനു പുറമേ, ബി.വി.രാഘവലു, നീലോൽപൽ ബസു, അശോക് ധാവ്‌ളെ, ജിതേൻ ചൗധരി, മറിയം ധാവ്‌ളെ, ആർ.അരുൺകുമാർ എന്നിവർ എതിർത്തു.
