ബദ്രീനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്രസമിതി
അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ ബദ്രീനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള വിവാദം. ക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ ക്ഷേത്രസമിതി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
ഭൈരവ് സേന എന്ന സംഘടനയാണ് ബദ്രീനാഥ് ക്ഷേത്രത്തിലും സംഭാവനയായി ലഭിച്ച പണം അപഹരിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. ചില സിസിടിവി ദൃശ്യങ്ങൾ സഹിതം സാമൂഹികമാധ്യമങ്ങളിലും സമാന ആരോപണങ്ങളുയർന്നിരുന്നു. ഇതോടെയാണ് ബദ്രീനാഥ്-കേഥർനാഥ് ക്ഷേത്രസമിതി(ബികെടിസി) വിഷയത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഇതിനായി പ്രത്യേക അന്വേഷണ സമിതിയെയും നിയോഗിച്ചു. അന്വേഷണ സമിതി ആരോപണ വിധേയരായ ജീവനക്കാരിൽനിന്നടക്കം വിവരങ്ങൾ ശേഖരിക്കും.
അതേസമയം, സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ജീവനക്കാരൻ തന്റെ പേഴ്സണൽ അസിസ്റ്റന്റ് അല്ലെന്ന് ബികെടിസി അധ്യക്ഷൻ ഹേമന്ത് ദ്വിവേദി പ്രതികരിച്ചു. ആരോപണവിധേയനായ ജീവനക്കാരൻ ക്ഷേത്രത്തിലെ സർക്കാർ ജീവനക്കാരനാണ്. ഇയാൾ നേരത്തെയുണ്ടായിരുന്ന മൂന്ന് അധ്യക്ഷന്മാരുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഹേമന്ത് ദ്വിവേദി പറഞ്ഞു.
