ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനര്‍, സുരക്ഷയൊരുക്കി പൊലീസ്

  1. Home
  2. Latest

ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനര്‍, സുരക്ഷയൊരുക്കി പൊലീസ്

g sudhakaran


സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരന് എതിരെ പ്രതിഷേധം കടുക്കുന്നു. നേതാക്കളുടെ രൂക്ഷമായ പ്രതികരണങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും പിന്നാലെ ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. ജി സുധാകരനെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം തയ്യാറെടുക്കുന്നു എന്ന സൂചനയാണ് ഉയരുന്ന പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്ന സൂചന.കുലം കുത്തികളെ കാലം വര്‍ഗ വഞ്ചകരെന്ന് വിളിക്കും എന്ന വാചകത്തോടെയാണ് പുന്നപ്രയിലെ നവനീതം എന്ന വീടിന് മുന്നില്‍ ബാനറുള്ളത്. ഭഗവതിക്കല്‍ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍. രക്ത സാക്ഷികള്‍ സിന്ദാബാദ്, വര്‍ഗ വഞ്ചകര്‍ക്ക് മാപ്പില്ല, വോട്ടില്ല തുടങ്ങിയ പോസ്റ്ററുകളും വീടിന്റെ മതിലില്‍ ഉള്‍പ്പെടെ പതിച്ചിട്ടുണ്ട്.

അതിനിടെ, പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ജി സുധാകരന്റെ വീടിന് പൊലീസ് സുരക്ഷയുള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുന്നപ്ര പൊലീസാണ് സുധാകരന്റെ വീടിന് മുന്നില്‍ നിലയുറപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാത്രിയും വീടിന് പൊലീസ് കാവലുണ്ടായിരുന്നു. പാര്‍ട്ടി വിടുന്നു എന്ന സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ആലപ്പുഴയിലെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജി സുധാകരന്റെ നിലപാട് യുഡിഎഫിനെയും ബിജെപിയെയും സഹായിക്കുന്നതാണെന്നായിരുന്നു സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞത്.