കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ബിനു ചുള്ളിയിൽ
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ. ആസൂത്രിതമായ പി ആർ സൈബർ ആക്രമണത്തിന് ഇരയാകാൻ മാത്രം എന്തു തെറ്റാണ് കെ സി ചെയ്തതെന്ന് ബിനു ചുള്ളിയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഈ സൈബർ ഗുണ്ടായിസം കൊണ്ട് ഇല്ലാതാകുന്നതാണോ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടു കാലം കൊണ്ട് ഈ പാർട്ടിക്കു വേണ്ടി കെ സി ഒഴുക്കിയ ചോരയും വിയർപ്പും, അധ്വാനവും. കെ സിക്കെതിരെ പി ആർ ഏജൻസികളിലൂടെ മുഖമില്ലാത്ത ഗുണ്ടകളെ ഉപയോഗിച്ച് നടക്കുന്ന ഈ ആസൂത്രിത സൈബർ ആക്രമണത്തിനെതിരെ ഉത്തരവാദപ്പെട്ട പാർട്ടി നേതൃത്വം പ്രതികരിക്കണമെന്നും ചുള്ളിയിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് ഹൈക്കമാൻഡിനെ ഗൺ പോയിന്‍റിൽ നിർത്തി കാര്യം സാധിക്കാമെന്ന് കരുതുന്ന ഈ സൈബർ ഗുണ്ടകൾക്ക് കൊത്തിപ്പറിക്കാനുള്ള ആളല്ല കെ സി വേണുഗോപാലെന്നും ചുള്ളിയിൽ കുറിച്ചു.
