കേരളത്തിൽ 'മിഷൻ 2029' പ്രഖ്യാപിച്ച് ബിജെപി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതത്തിലെ മുന്നേറ്റത്തിൻറെ ആത്മവിശ്വാസത്തിൽ, 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 'മിഷൻ 2029' പദ്ധതിക്ക് കേരളത്തിൽ ബിജെപി തുടക്കം കുറിച്ചു. സംസ്ഥാനത്ത് കുറഞ്ഞത് 30 ലക്ഷം അധിക വോട്ടുകൾ സ്വന്തമാക്കുക, ഒന്നിലധികം ലോക്‌സഭാ സീറ്റുകളിൽ വിജയം ഉറപ്പാക്കുക എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നേതൃപാടവമുള്ളവരെ മാത്രം മുൻനിരയിലേക്ക് കൊണ്ടുവരാൻ നേതാക്കൾക്കായി പ്രത്യേക പരീക്ഷകളും കർശന വിലയിരുത്തലുകളും പാർട്ടി നടപ്പിലാക്കും.നിയമസഭാ തെരഞ്ഞെടുപ്പിൽ 24.66 ലക്ഷം വോട്ടുകൾ നേടി വോട്ട് വിഹിതം ഗണ്യമായി വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 'സരൾ' ആപ്പ് വഴിയുള്ള ഡിജിറ്റൽ നിർദ്ദേശങ്ങൾ, 72 പേജുകളുള്ള ഹാൻഡ്‌ബുക്ക്, ഏരിയ ജനറൽ സെക്രട്ടറി റാങ്കിന് മുകളിലുള്ള നേതാക്കൾക്കായി 24 മണിക്കൂർ നിർബന്ധിത റെസിഡൻഷ്യൽ ക്യാമ്പുകൾ എന്നിവയാണ് 'മിഷൻ 2029'-ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
