ഉണ്ണി മുകുന്ദനെ പാലക്കാട് പരി​ഗണിച്ച് ബിജെപി; വിജയസാധ്യതയെന്ന് വിലയിരുത്തൽ

  1. Home
  2. Latest

ഉണ്ണി മുകുന്ദനെ പാലക്കാട് പരി​ഗണിച്ച് ബിജെപി; വിജയസാധ്യതയെന്ന് വിലയിരുത്തൽ

s


പാലക്കാട്ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പാര്‍ട്ടിയുടെ പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം, ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഏജൻസിയെ, ഓരോ മണ്ഡലത്തിന്‍റെ സ്വഭാവം, വിജയസാധ്യത ആര്‍ക്കൊക്കെ എന്നൊക്കെ പഠിക്കാനായി നിയോഗിച്ചിരുന്നു. ഈ ഏജൻസിയുടെ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ളത് ഉണ്ണി മുകുന്ദനാണ് എന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ മറ്റ് പ്രമുഖരുടെ പേര് കൂടി റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബിജെപി ഉണ്ണി മുകുന്ദനോട് ഇക്കാര്യത്തിൽ ഔദ്യോഗികമായി സംസാരിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. എന്നാൽ റിപ്പോര്‍ട്ട് പ്രകാരം ഉണ്ണി മുകുന്ദൻ മത്സരിച്ചാൽ പാലക്കാട് വൻ ഭൂരിപക്ഷത്തോടെ വിജയിക്കാൻ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതേ സമയം ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പേരും സജീവ പരിഗണനിയിലുണ്ട്. അദ്ദേഹം മത്സരിച്ചാൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന വിലയിരുത്തലുമുണ്ട്. ശോഭ സുരേന്ദ്രന് പാലക്കാട്ടേയ്ക്ക് വരാൻ താത്പര്യമില്ല എന്ന സൂചനയാണുള്ളത്.

അതേ സമയം, നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഒരു മണ്ഡലത്തിലും മത്സരിക്കാൻ താൽപര്യം അറിയിച്ചിട്ടില്ല. നിരവധി തെരഞ്ഞെടുപ്പിൽ മത്സരിച്ച് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായിട്ടുണ്ട്. പാ‍ർട്ടി നിർദേശിച്ച സീറ്റുകളിലാണ് മത്സരിച്ചത്. അതിനാൽ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ നിന്ന് തൽപര കക്ഷികള്‍ പിൻമാറണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.