അസമിൽ ബിജെപിക്ക് വൻ തിരിച്ചടി; സിറ്റിംഗ് മന്ത്രി നന്ദിത ഗോർലോസ കോൺഗ്രസിൽ ചേർന്നു
അസം നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിച്ച് സംസ്ഥാന മന്ത്രി നന്ദിത ഗോർലോസ പാർട്ടി വിട്ടു. സംസ്ഥാനത്തെ കായിക യുവജനക്ഷേമ മന്ത്രിയായിരുന്ന നന്ദിത കഴിഞ്ഞ ഞായറാഴ്ചയാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ അംഗത്വമെടുത്തത്. പിസിസി ജനറൽ സെക്രട്ടറി നിർമ്മൽ ലാങ്‌താസയുടെ സാന്നിധ്യത്തിലാണ് അവർ കോൺഗ്രസ് പാളയത്തിലെത്തിയത്. മലയോര ജില്ലയായ ദിമ ഹസാവുവിലെ ഹാഫ്ലോംഗ് മണ്ഡലത്തിൽ നിന്ന് ഇത്തവണ നന്ദിത കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടും.
നേരത്തെ ഹാഫ്ലോംഗ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന നിർമ്മൽ ലാങ്‌താസ, നന്ദിതയ്ക്ക് വേണ്ടി സ്വയം വഴിമാറിക്കൊടുക്കുകയായിരുന്നു. രൂപാലി ലാങ്‌താസയെയാണ് ബിജെപി ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ദിമ ഹസാവുവിന്റെ ശബ്ദമായിരുന്ന നന്ദിതയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന അവരെ കൈവിടില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഗോത്രവർഗക്കാരുടെ ഭൂമി വൻകിട കോർപ്പറേറ്റുകൾക്ക് വിൽക്കാനാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
തിങ്കളാഴ്ച നന്ദിതയെ ഹാഫ്ലോംഗ് മണ്ഡലത്തിലെ ഔദ്യോഗിക സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിക്കും. മുൻ സംസ്ഥാന അധ്യക്ഷനും എംപിയും ഉൾപ്പെടെയുള്ള പ്രമുഖർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് നേരത്തെ പാർട്ടിക്ക് വലിയ ക്ഷീണമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒരു സിറ്റിംഗ് മന്ത്രി തന്നെ കൂടുമാറിയത് അസമിലെ കോൺഗ്രസ് ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.
