സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും; ബി ബി ഗോപകുമാർ സ്ഥാനാർത്ഥി
മൂന്ന് സീറ്റുകൾ നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ച ഭാരതീയ ജനതാ പാർട്ടി, വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബി.ബി. ഗോപകുമാർ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർത്ഥി മത്സരിച്ചിട്ടില്ല. സ്പീക്കർ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്നാണ് ഔദ്യോഗികമായി സഭയിൽ നിർദ്ദേശിക്കുക. നിലവിൽ ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തങ്ങളുടെ മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തുള്ള ഇടതുമുന്നണി ഇതുവരെ തങ്ങളുടെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
