തൃശൂർ മേയർ സ്ഥാനത്തിനായി കോഴ ആരോപണം; ഡിസിസി പ്രസിഡന്റിനെതിരെ വിജിലൻസിൽ പരാതി
തൃശൂർ കോർപ്പറേഷനിൽ മേയർ സ്ഥാനത്തിനായി ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിന് പിന്നാലെ വിജിലൻസിൽ പരാതി. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി വിമൽ കെ.കെയാണ് പരാതി നൽകിയത്. കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് ഉന്നയിച്ച കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. വിജിലൻസിന് പുറമെ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
തന്നെ മേയറാക്കാൻ ജോസഫ് ടാജറ്റ് പണം ആവശ്യപ്പെട്ടെന്നും മേയർ സ്ഥാനത്തിനുള്ള മാനദണ്ഡം പണമാണോ എന്ന് സംശയമുണ്ടെന്നുമാണ് ലാലി ജെയിംസ് ആരോപിച്ചത്. എന്നാൽ, ഈ ആരോപണങ്ങളെ ജോസഫ് ടാജറ്റ് തള്ളി. ആർക്കാണ് പണം നൽകിയതെന്ന് ലാലി വ്യക്തമാക്കണമെന്നും മേയറെ തീരുമാനിച്ചത് പാർട്ടി ഒറ്റക്കെട്ടായാണെന്നും അദ്ദേഹം പറഞ്ഞു. ലാലി ജെയിംസിന്റെ പ്രതികരണം പാർട്ടി പരിശോധിച്ച് ഉചിതമായ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോഴ ആരോപണത്തിൽ മറുപടി പറയാനില്ലെന്ന് നിയുക്ത മേയർ നിജി പ്രതികരിച്ചു. വിവാദങ്ങളിൽ പതറില്ലെന്നും പാർട്ടി തന്നെ വിശ്വസിച്ച് ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും നിജി പറഞ്ഞു. 27 വർഷമായി താൻ പൊതുരംഗത്തുണ്ടെന്നും സ്ഥാനമാനങ്ങൾ വരുമെന്നും പോകുമെന്നും അവർ കൂട്ടിച്ചേർത്തു. കൊച്ചി കോർപ്പറേഷന് പിന്നാലെ തൃശൂരിലും മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോൺഗ്രസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
