വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

  1. Home
  2. Latest

വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

   supreme court


പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും വീക്ഷണങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കിലും 'വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെ, സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.കേസില്‍ ദാവൂദി ബോറ സമുദായത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍, മതപരമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതികള്‍ പുലര്‍ത്തേണ്ട മിതത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എഴുതിയ ലേഖനത്തെക്കുറിച്ച് പരാമര്‍ശിച്ചു. അപ്പോള്‍ 'എല്ലാ പ്രമുഖ വ്യക്തികളെയും കോടതി ബഹുമാനിക്കുന്നു, എന്നാല്‍ വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

'അറിവും വിജ്ഞാനവും ഏതു സ്രോതസ്സില്‍ നിന്നോ, ഏതു രാജ്യത്ത് നിന്നോ, ഏതു സര്‍വകലാശാലയില്‍ നിന്നോ വന്നാലും സ്വാഗതം ചെയ്യപ്പെടണം. എല്ലാത്തരം അറിവുകളെയും വിവരങ്ങളെയും സ്വീകരിക്കാന്‍ കഴിയാത്തത്ര ദരിദ്രമല്ല നമ്മുടെ സംസ്‌കാരം. അത്രമേല്‍ സമ്പന്നമാണ് നമ്മുടേത്. നീരജ് കൗള്‍ അഭിപ്രായപ്പെട്ടു. അപ്പോഴാണ് വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന സരസമായി പറഞ്ഞത്.

ഏത് സര്‍വ്വകലാശാലയാണ് നല്ലത് അല്ലെങ്കില്‍ ചീത്ത എന്നൊന്നും പറയാന്‍ താന്‍ അളല്ലെന്നും, എന്നാല്‍ അറിവും വിവരങ്ങളും എവിടെ നിന്ന് വന്നാലും അവ സ്വീകരിക്കപ്പെടണം എന്നത് മാത്രമാണ് താന്‍ ഉന്നയിച്ചതെന്നും നീരജ് കൗള്‍ ചൂണ്ടിക്കാട്ടി. ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആചാരങ്ങള്‍ അവിഭാജ്യമാണോ അല്ലയോ എന്ന് നിര്‍വചിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക എന്നത് കോടതിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ബുധനാഴ്ച സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.