പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ ഫോട്ടോ പങ്കുവെച്ച കേസ്; എൻ. സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ

  1. Home
  2. Latest

പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ ഫോട്ടോ പങ്കുവെച്ച കേസ്; എൻ. സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ

subramaniyan


ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗമായ അദ്ദേഹത്തെ ചേവായൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. സമൂഹത്തിൽ കലാപാഹ്വാനം നടത്താൻ ശ്രമിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയേറെ അഗാധമായ ബന്ധമുണ്ടാകാൻ എന്തായിരിക്കും കാരണമെന്ന കുറിപ്പോടെയാണ് സുബ്രഹ്മണ്യൻ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ, പ്രചരിപ്പിക്കപ്പെടുന്നത് കൃത്രിമമായി നിർമ്മിച്ച എഐ (AI) ഫോട്ടോയാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി ഉണ്ടായത്.

അതേസമയം, താൻ പങ്കുവെച്ചത് യഥാർത്ഥ ചിത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പങ്കുവെച്ച വീഡിയോയിൽ നിന്നുള്ള ദൃശ്യമാണിതെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പോലീസ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു.