9, 10 ക്ലാസുകളിൽ 3 ഭാഷകൾ നിർബന്ധമാക്കി സിബിഎസ്ഇ

  1. Home
  2. Latest

9, 10 ക്ലാസുകളിൽ 3 ഭാഷകൾ നിർബന്ധമാക്കി സിബിഎസ്ഇ

cbse exam time table


സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഒൻപത്, പത്ത് ക്ലാസുകളിലെ ഭാഷാ നയത്തിൽ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ജൂലൈ ഒന്ന് മുതൽ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി മൂന്ന് ഭാഷകൾ പഠിക്കണമെന്ന് ബോർഡ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. എന്നാൽ വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഈ മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. നിലവിൽ ഏപ്രിലിൽ ആരംഭിച്ച അധ്യയന വർഷത്തിൽ തന്നെ ഈ മാറ്റം വരുത്തുന്നതിനാൽ സ്കൂളുകൾക്ക് ആവശ്യമായ മുൻകരുതലുകളോടെ ഇത് നടപ്പിലാക്കാനുള്ള സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്.പുതിയ പരിഷ്കാരപ്രകാരം ആകെ പഠിക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം നിർബന്ധമായും ഇന്ത്യൻ ഭാഷകൾ ആയിരിക്കണം. വിദേശ ഭാഷകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് മറ്റ് രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മൂന്നാം ഭാഷയായി അത് തിരഞ്ഞെടുക്കാം, അല്ലെങ്കിൽ നാലാമതൊരു അധിക വിഷയമായി വിദേശ ഭാഷ പഠിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷയുടെ സമ്മർദ്ദം ഉണ്ടാകില്ല എന്നത് ഈ പരിഷ്കാരത്തിന്‍റെ പ്രധാന സവിശേഷതയാണ്. പത്താം ക്ലാസിലെ ഈ ഭാഷയുടെ മൂല്യനിർണ്ണയം പൂർണ്ണമായും സ്കൂളുകളിൽ മാത്രമായിരിക്കും നടത്തുക.

ഇതിന്‍റെ മാർക്കുകൾ ഫൈനൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുമെങ്കിലും, ഈ വിഷയത്തിന്‍റെ പേരിൽ ഒരു വിദ്യാർത്ഥിക്കും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകില്ല. അധ്യയന വർഷം ഇതിനകം ആരംഭിച്ചതിനാൽ ഇതൊരു പെട്ടെന്നുള്ള മാറ്റമായി അടിച്ചേൽപ്പിക്കാതെ, സ്കൂളുകൾക്കും കുട്ടികൾക്കും പൊരുത്തപ്പെടാനുള്ള സമയം അനുവദിച്ചുകൊണ്ട് വളരെ അയവുള്ള രീതിയിലാണ് സിബിഎസ്ഇ ഇത് നടപ്പിലാക്കുന്നത്.