സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകൾ കേന്ദ്ര സർക്കാർ പൂട്ടി
വ്യാജ സിനിമാ പതിപ്പുകൾ പ്രചരിപ്പിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്ത 1,263 വെബ്‌സൈറ്റുകളും 4,996 ടെലിഗ്രാം ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. ഡിജിറ്റൽ പൈറസിക്കെതിരായ രാജ്യവ്യാപക നടപടിയുടെ ഭാഗമായാണു തീരുമാനം.
ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമകളുടെ വ്യാജ പതിപ്പുകൾ തടയുന്നത് സംബന്ധിച്ച് സുരേഷ് ഗോപി അയച്ച കത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ പൈറസിയും പകർപ്പവകാശ ലംഘനങ്ങളും തടയുന്നതിനുള്ള നിയമസംവിധാനം ശക്തമാക്കിയ ‘സിനിമറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023’ ലെ വ്യവസ്ഥകൾ പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്.വ്യാജ പതിപ്പുകൾ സിനിമാ വ്യവസായത്തിന് ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ സർക്കാർ തിരിച്ചറിയുന്നുണ്ടെന്ന് അശ്വനി വൈഷ്ണവ് കത്തിൽ പറയുന്നു. നിയമസംവിധാനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നിയമം ഭേദഗതി ചെയ്തതു പകർപ്പവകാശ ലംഘനം നടത്തുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കാൻ സഹായിക്കും. പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രാലയത്തിന്റെ കീഴിൽ ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കത്തിൽ വ്യക്തമാക്കി.
