കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി തള്ളി കേന്ദ്രം
കേരളം 2025ൽ പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ.മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ തന്നെ ആവശ്യമായ വ്യവസ്ഥകളുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വന്യജീവി ആക്രമണങ്ങൾ തടയേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്രം വ്യക്തമാക്കി.അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് വനം സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ലോക്‌സഭയിൽ മറുപടി നൽകിയത്.
ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികൾക്കു കാത്തുനിൽക്കാതെ വെടിവച്ച് കൊല്ലാൻ അടക്കമുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകുന്ന ഭേദഗതിയാണ് സംസ്ഥാന സർക്കാർ വരുത്തിയിരുന്നത്. ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥയാണ് നിയമ ഭേദഗതിയിലുണ്ടായിരുന്നത്.എന്നാൽ, നിലവിലെ കേന്ദ്രനിയമത്തിൽ തന്നെ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മതിയായ വ്യവസ്ഥകളുണ്ടെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
