പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്
പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തിൽ വ്യക്തമാക്കി. ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കണമെന്നും കത്തിൽ പറയുന്നു. ഈ സർക്കാർ വന്ന ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ് ഉയര്‍ന്നിരുന്നു. പിഎം ശ്രീ നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു. പിഎം ശ്രീ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്നും പദ്ധതി നടപ്പാക്കാരുതെന്നുമാണ് കെപിസിസി യോഗത്തില്‍ നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാല്‍, പിഎം ശ്രീ മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നും പദ്ധതിയില്‍ നിന്ന് പിന്മാറാൻ ആകില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ച മുഖ്യമന്ത്രി, കേന്ദ്രത്തിന് മുൻപാകെ ഉപാധികൾ വയ്ക്കുമെന്നും മുഖ്യമന്ത്രി കെപിസിസി യോഗത്തിൽ കൂട്ടിച്ചേര്‍ത്തു.
