വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡിയായിരുന്ന ദിവ്യ എസ് അയ്യർ അദാനി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും സതീശൻ അധികാരമേറ്റതോടെ ദിവ്യയെ മാറ്റി എന്നും ആക്ഷേപമുയർന്നിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലകളിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്നും അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നമെന്നും മുഖ്യമന്ത്രി ചോദിച്ചു. മാത്രമല്ല, ഒരുപാട് നാളായി അവിടെയുണ്ടായിരുന്ന പലരേയും മാറ്റിയിട്ടുണ്ട്. എന്താണ് കുഴപ്പം. അവർ അദാനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ എന്നുള്ള കാര്യം തനിക്കറിയില്ല. സർക്കാർ എച്ച്ഒഡിമാർ ആർക്കൊക്കെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് താൻ അന്വേഷിക്കേണ്ട ജോലിയല്ല. സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ് അയ്യരെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് നിയമിച്ചത്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖ എംഡി.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാരിൻറെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നു എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നത് ദേശാഭിമാനിക്ക് മാത്രം ആയിരുന്നുവെന്നും പഴയ പത്രവാർത്ത ഉയർത്തികൊണ്ട് സതീശൻ ചൂണ്ടിക്കാട്ടി. അദാനിയും എംഎസ്‍സി കമ്പനിയുമായി ഒരു വർഷമായി ചർച്ച നടത്തി. 2026 ജൂൺ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോർട്ട് ചെയ്തു. ദേശാഭിമാനിയുടെ വാർത്ത ഉറവിടം എൽഡിഎഫ് സർക്കാർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
