കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടികാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. വിവിധ ദേശീയ പാത പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കുന്നതടക്കം നിർണായക തീരുമാനങ്ങൾ കൂടിക്കാഴ്ചയിലെടുത്തെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തിലെ ദേശീയപാത വികസനം ഉൾപ്പെടെയുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ കേരളത്തിന്റെ റോഡ്-ഗതാഗത മേഖലയുടെ വികസനം വേഗത്തിലാക്കുന്നതിനുള്ള നിരവധി നിർണായക തീരുമാനങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. എൻഎച്ച് 966 കോഴിക്കോട്–പാലക്കാട് പദ്ധതിയുടെ തുടർ അംഗീകാരം മൂന്ന് മാസത്തിനകം നൽകുമെന്ന് ഉറപ്പ് ലഭിച്ചെന്നും പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ 80 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ദേശീയപാത വികസനത്തിന് ആവശ്യമായ പുഴമണലും ക്വാറി മെറ്റീരിയലും ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കി ആവശ്യമായ കേന്ദ്ര-സംസ്ഥാന അനുമതികൾ വേഗത്തിലാക്കാനും പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായി.
