ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിനെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിനെ സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതികളായ ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍, സ്‌പേസ് എക്കണോമി എന്നിവയില്‍ ഉപദേശകനാകാനാണ് അഭ്യര്‍ത്ഥിച്ചത്. എന്‍ രാമചന്ദ്രന്‍ സ്മാരക പുരസ്‌കാരം സോമനാഥിന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍.
മുഖ്യമന്ത്രിയുടെ ക്ഷണത്തില്‍ വളരെ സന്തോഷമെന്ന് എസ് സോമനാഥ് പ്രതികരിച്ചു. പ്രശസ്തമായ വിദേശ സര്‍വ്വകലാശാലകള്‍ സംസ്ഥാനത്ത് തങ്ങളുടെ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തെ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനും സംസ്ഥാനത്തുനിന്നും, ഉന്നത പഠനത്തിനും ജോലിക്കുമായി മിടുക്കരായ യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് ( ബൗദ്ധിക ചോര്‍ച്ച) തടയുന്നതിനും സഹായിക്കും.സംസ്ഥാനത്ത് യുവാക്കളുടെ എണ്ണം കുറയുകയും മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കൂടുകയുമാണ് ചെയ്യുന്നത്. വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഈ പ്രവണത കണക്കിലെടുക്കണം. യുവാക്കള്‍ക്ക് ആവശ്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടും, അവരുടെ യോഗ്യതയ്ക്ക് അനുസൃതമായ ജോലികള്‍ ഉറപ്പാക്കിക്കൊണ്ടും യുവാക്കളെ ഇവിടെത്തന്നെ നിലനിര്‍ത്താന്‍ സംസ്ഥാനത്തിന് സാധിക്കണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) തൊഴിലിന്റെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കൂടിയാണ് ബജറ്റില്‍ നോളഡ്ജ് വാലി പദ്ധതിയും ഗ്ലോബല്‍ വാച്ച് ടവറും ഉള്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
