പാകിസ്താനിലും കോക്രോച്ച് അവാമി ലീഗും പാകിസ്താൻ കോക്രോച്ച് പാർട്ടിയും
സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലുടന്നീളം വൈറലായും ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോഡ് ഭേദിച്ചും മുന്നേറുകയാണ് കോക്രോച്ച് ജനത പാർട്ടി (സിജെപി). അതിവേഗം വളർന്നുവരുന്ന സിജെപിയുടെ ജനപ്രീതി അതിർത്തി കടന്നതായി റിപ്പോർട്ട്. കോക്രോച്ച് അവാമി പാർട്ടിയും കോക്രോച്ച് അവാമി ലീഗുമായി പാകിസ്താനിലും കോക്രോച്ച് തരംഗം അലയടിയ്ക്കുകയാണ്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് തൊഴിൽരഹിതരായ യുവജനങ്ങളെ പ്രാണികളോടും പരാദങ്ങളോടും ഉപമിച്ചുവെന്ന റിപ്പോർട്ടുകളോടുള്ള പ്രതികരണമായിട്ടാണ് മേയ് പകുതിയോടെ കോക്രോച്ച് പാർട്ടി (CJP) രൂപംകൊണ്ടത്. ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരണം നൽകിയെങ്കിലും ഒരു കൊടുങ്കാറ്റ് അപ്പോഴേക്കും രൂപപ്പെട്ടിരുന്നു.
ഈ പരാമർശം ഉപയോഗപ്പെടുത്തി, യു.എസിൽ താമസിക്കുന്ന പബ്ലിക് റിലേഷൻസ് ബിരുദധാരിയും മുൻ ആം ആദ്മി പാർട്ടി സഹയാത്രികനുമായ അഭിജീത് ദീപ്കെ മേയ് 16 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഗൂഗിൾ ഫോം അടിസ്ഥാനമാക്കിയുള്ള അംഗത്വ ഡ്രൈവിലുമായി സിജെപി ആരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ, സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 15 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ലഭിച്ചു, ഇത് ബിജെപി, കോൺഗ്രസ് എന്നിവയുടെ ഔദ്യോഗിക ഹാൻഡിലുകളെ മറികടന്നു.
മടിയന്മാരും തൊഴിൽരഹിതരുമായ യുവജനങ്ങളുടെ ശബ്ദമായി സിജെപി സ്വയം ബ്രാൻഡ് ചെയ്തു. പരിഹാസവും പരാതികളും സിജെപി പ്രവർത്തനമാരംഭിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മെച്ചപ്പെട്ട തൊഴിലവസരങ്ങൾ, പരീക്ഷാസംവിധാനങ്ങളിലെ പരിഷ്കാരങ്ങൾ, ശക്തമായ പൊതു സേവനങ്ങൾ, അധികാരികളിൽ നിന്നുള്ള കൂടുതൽ മികച്ച ഉത്തരവാദിത്വം എന്നിവയായിരുന്നു സിജെപിയുടെ ആവശ്യങ്ങൾ.
വ്യാഴാഴ്ച ഇന്ത്യയിൽ പാർട്ടിയുടെ എക്സ് അക്കൗണ്ട് തടഞ്ഞുവച്ചെങ്കിലും "ഞങ്ങളെ നിഷ്‌പ്രഭരാക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് നിങ്ങൾ കരുതിയോ?"എന്ന് പോസ്റ്റ് ചെയ്ത ഒരു പുതിയ ഹാൻഡിൽ വഴി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഗ്രൂപ്പ് ട്രേഡ്മാർക്ക് അപേക്ഷകളും സമർപ്പിച്ചിട്ടുണ്ട്, വെബ്സൈറ്റ് വഴി വലിയ തോതിലുള്ള സൈൻ-അപ്പുകൾ ലഭിച്ചതായി സിജെപി അവകാശപ്പെടുന്നു.
സിജെപി ഓൺലൈനിൽഹിറ്റായി മാറിയത് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു, മാധ്യമങ്ങൾ ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. പിന്നാലെ സിജെപിയുടെ പാക് പതിപ്പുകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ആദ്യത്തേതിൽ ഒന്നായിരുന്നു കോക്രോച്ച് അവാമി പാർട്ടി എന്ന ഇൻസ്റ്റഗ്രാം പേജ്, അത് ഇന്ത്യൻ പ്രസ്ഥാനത്തിൽ നിന്നുള്ള പ്രചോദനം ബയോയിൽ വ്യക്തമാക്കി: "അതെ പകർത്തിയതാണ്, പക്ഷെ ആര് ശ്രദ്ധിക്കുന്നു. ലക്ഷ്യം ഒന്നാണ്."
പാകിസ്താനി അക്കൗണ്ട് ഏതെങ്കിലും ഒരു വ്യക്തിയുമായോ ഒരു ടീമുമായോ ബന്ധമില്ലാത്തതാണ് എന്നും പാകിസ്താനിലെ ജെൻസീയുടെ യഥാർത്ഥ ശബ്ദമാകാൻ ലക്ഷ്യമിടുന്നു എന്നും പറയുന്നു. അതിന്റെ ലോഗോ അതിന്റെ ഇന്ത്യൻ പ്രതിരൂപത്തിന് സമാനമാണെങ്കിലും അത് പച്ച-വെളുപ്പ് ബ്രാൻഡിങ് ഉപയോഗിക്കുന്നു, കൂടാതെ ഇമ്രാൻ ഖാൻ നയിക്കുന്ന പാകിസ്താൻ തെഹ് രികെ ഇൻസാഫ് (PTI), പാകിസ്താൻ മുസ്ലിം ലീഗ് (N) അല്ലെങ്കിൽ PML-N, പാകിസ്താൻ പീപ്പിൾസ് പാർട്ടി (PPP) തുടങ്ങിയ പ്രധാന പാർട്ടികൾക്ക് ഒരു ബദലായി നിലകൊള്ളുന്നു.
ഉള്ളടക്കത്തിൽ ഭൂരിഭാഗവും വ്യക്തിഗത സൃഷ്ടികളിൽ നിന്ന് റീപോസ്റ്റ് ചെയ്ത മീമുകളും ഹ്രസ്വ രൂപത്തിലുള്ള റീലുകളുമാണ്. സ്വന്തമായി ഔദ്യോഗിക മോട്ടോ മേയ് 28ന് പുറത്തിറക്കുമെന്ന് അക്കൗണ്ട് പറയുന്നു. സമാനമായ പേജുകൾ എക്സിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. @CockroachAP എന്നാണ് ഒരു അക്കൗണ്ട്. കോക്രോച്ച് അവാമി ലീഗ് പാകിസ്താൻ എന്ന് വിളിക്കുന്ന മറ്റൊരു പേജ്, കോക്രോച്ച് അവാമി ലീഗിന്റെ (CAL) ഔദ്യോഗിക അക്കൗണ്ട ആണെന്ന് അവകാശപ്പെടുന്നു.
ഇന്ത്യയുടെ കോക്രോച്ച് പാർട്ടിക്ക് വ്യക്തമായ സ്ഥാപകനും ഒരു മാനിഫെസ്റ്റോയും ഔദ്യോഗിക വെബ്സൈറ്റും ഉണ്ടെങ്കിലും, പാക് പതിപ്പുകൾ ചിതറിത്തെറിച്ച നിലയിലാണ്. നിരവധി സ്രഷ്ടാക്കൾ അവരുടെ സ്വന്തം പതിപ്പുകൾ സ്വതന്ത്രമായി ആരംഭിക്കുന്നു. പാക് പതിപ്പുകൾ യുവജനങ്ങളുടെ തൊഴിലില്ലായ്മ, ഭരണം, രാഷ്ട്രീയ സംവിധാനങ്ങൾ എന്നിവയിലുള്ള നിരാശ പരിഹാസത്തിലൂടെ പ്രകടിപ്പിക്കാൻ സ്ഥിരതയുടെ പ്രതീകമായി കോക്രോച്ച് ഉപയോഗിക്കുന്നു.
