പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതി; മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാൻസിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നൽകിയ പരസ്യത്തിനെതിരെയായിരുന്നു പരാതി. കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണവായ്പ നൽകുമെന്ന പരസ്യത്തിലെ വാഗ്ദാനം വിശ്വസിച്ച് വായ്പ എടുത്ത തങ്ങളിൽ നിന്ന് സ്ഥാപനം ഉയർന്ന പലിശ ഈടാക്കിയെന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
സേവനത്തിലെ പിഴവിന് ബ്രാൻഡ് അംബാസഡറായ താരം കൂടി ഉത്തരവാദിയാണെന്ന പരാതിക്കാരുടെ വാദം കോടതി തള്ളി. പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഇടപാടുകളൊന്നും നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ ചൂണ്ടിക്കാട്ടി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് താരം ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനത്തിനാണെന്നും കോടതി വ്യക്തമാക്കി.
നേരത്തെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ താരം സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ അനുകൂല വിധി വന്നിരിക്കുന്നത്. ബ്രാൻഡ് അംബാസഡർമാർക്ക് പരസ്യത്തിലെ വാഗ്ദാനങ്ങളുടെ പേരിൽ നിയമപരമായ ബാധ്യതയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ഉത്തരവ്.
