തൃശൂർ മുതൽ കാസർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ
തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ നാളെ (ഡിസംബർ 11) പൊതു അവധി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. .
470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ്. ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ - 7246269, സ്ത്രീകൾ - 8090746, ട്രാൻസ്ജെൻഡർ - 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാർത്ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരരംഗത്തുള്ളത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്.
മലപ്പുറത്ത് മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. പഞ്ചായത്തുകളിൽ 28,288, ബ്ലോക്കിലേക്ക് 3,742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റിയിലേക്ക് 5,551, കോർപറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ നാളെ റീപോളിംഗ് നടത്തും. ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ.
