അയോധ്യയിൽ കോൺഗ്രസും എസ്പിയും കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് യോഗി ആദിത്യനാഥ്
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സമാജ് വാദി പാർട്ടി(എസ്പി)യും കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ ക്ഷേത്രവിഷയത്തിൽ നിരന്തരം ചോദ്യങ്ങളുയർത്തുന്ന പ്രതിപക്ഷം എന്തുകൊണ്ടാണ് വഖഫ് ഭൂമി ഇടപാടുകളിൽ മൗനം പാലിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംഭാവനക്കൊള്ളയെന്ന ഒരൊറ്റ സംഭവത്തെ ഉപയോഗിച്ച് പ്രതിപക്ഷം ഹിന്ദു വിശ്വാസത്തെ ലക്ഷ്യമിടുകയാണെന്നും അയോധ്യയുടെ പ്രധാന്യത്തെ ദുർബലമാക്കാൻ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. പ്രതാപ്ഘട്ടിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഇന്ന് അയോധ്യ എല്ലാവരെയും ആകർഷിക്കുന്നയിടമാണ്. നിരവധി പേർ അയോധ്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നതിലാണ് പ്രതിപക്ഷത്തിന് വേദന. ഹിന്ദുക്കളെ അപമാനിക്കാനും അവരുടെ വിശ്വാസത്തെ ആക്രമിക്കാനും ഇവർ ഒരു വിഷയത്തെ പെരുപ്പിച്ച് കാണിക്കുന്നു. കോൺഗ്രസിനോടും സമാജ് വാദി പാർട്ടിയോടും എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. അയോധ്യയിലെ മോഷണത്തിൽ നിങ്ങൾ ഹിന്ദു വിശ്വാസം ഉപയോഗിച്ച് കളിക്കുകയാണ്. എന്നാൽ, വഖഫിന്റെ പേരിൽ ആയിരക്കണക്കിന് ഹെക്ടർ ഭൂമി വിറ്റഴിച്ചതിൽ നിങ്ങൾ ഒരിക്കലെങ്കിലും മിണ്ടിയിട്ടുണ്ടോ? പാവപ്പെട്ടവരുടെ ഭൂമിയാണത്. അത് അവർക്ക് നൽകണം. എന്നാൽ, ആ ഭൂമിയെല്ലാം വഖഫിന്റെ പേരിൽ ചിലർ കൈയടക്കിവെച്ചിരിക്കുന്നു. ചിലർ വിറ്റഴിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസോ സമാജ് വാദി പാർട്ടിയോ ഒരു വാക്കുപോലും മിണ്ടിയിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
