രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ കോൺഗ്രസിന് രണ്ട് നിലപാടെന്ന് മന്ത്രി പി രാജീവ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ കോൺഗ്രസിന് രണ്ട് നിലപാടെന്ന് മന്ത്രി പി രാജീവ്. കോൺഗ്രസ് രാഹുലിന് പരോക്ഷമായി പിന്തുണ നൽകുന്നുവെന്നും പി രാജീവ് കുറ്റപ്പെടുത്തി. ഇതെല്ലാം പൊതുജനം ഗൗരവമായി കാണുന്നുണ്ട്. എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യനാക്കുന്ന കാര്യത്തിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും പി രാജീവ് വ്യക്തമാക്കി. കൊച്ചി മേയറുടെ ലത്തീൻ പിന്തുണ പരാമർശത്തിലും പി രാജീവ് വിമർശനമുന്നയിച്ചു. യുഡിഎഫ് സ്ഥാനങ്ങളിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡം വ്യക്തമായി എന്നാണ് പി രാജീവ് പ്രതികരിച്ചത്. സമ്മർദ്ദത്തിനു വഴങ്ങില്ലെന്ന് പരസ്യമായി പറയുന്നവർ രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നു. എങ്ങോട്ടാണ് കാര്യങ്ങളെ കൊണ്ടു പോകുന്നത് എന്നു വ്യക്തമാക്കുന്ന പരാമർശമാണെന്നും പി രാജീവ് പറഞ്ഞു.
രാജി വെക്കുന്ന കാര്യത്തിൽ എംഎൽഎയും എംഎൽഎ നിശ്ചയിച്ച പാർട്ടിയും മാന്യത കാണിക്കണമെന്ന് രാഹുലിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി കെ രാജൻ പ്രതികരിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് എപ്പോഴും വാദിക്കുന്ന പൊതുപ്രവർത്തകർ ഈ അപമാനത്തിലേക്ക് ചെന്ന് വീഴരുത്. ഒരു പൊതുപ്രവർത്തകൻ പാലിക്കേണ്ട എല്ലാ മര്യാദകളും രാഹുൽ ലംഘിച്ചുവെന്ന് വിമര്‍ശിച്ച കെ രാജൻ വേണ്ടപ്പെട്ടവർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
