രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ പുലർത്തുന്ന ശാരീരിക ബന്ധം സ്വഭാവദൂഷ്യമായി കാണാനാകില്ല: സുപ്രീംകോടതി
പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് അവിവാഹിതർ തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത്, അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി കാണാനാകില്ലെന്ന് സുപ്രീംകോടതി.തെലങ്കാനയിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥിയുടെ ജോലി നിഷേധിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി. മാറുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളോട് അധികാരികൾ സംവേദനക്ഷമത പുലർത്തണമെന്ന് കോടതി ഓർമ്മിപ്പിച്ചു.ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. 'വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു' എന്നാരോപിച്ച് 2014-ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്റെ പേരിൽ തെലങ്കാന സ്റ്റേറ്റ് ലെവൽ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് ഒരു ഉദ്യോഗാർത്ഥിയുടെ താൽക്കാലിക നിയമനം റദ്ദാക്കിയിരുന്നു.
ഈ കേസ് പിന്നീട് 2015-ൽ ലോക് അദാലത്ത് മുഖേന ഒത്തുതീർപ്പാക്കിയതായിരുന്നു. ഉദ്യോഗാർത്ഥി തന്റെ അപേക്ഷാ ഫോമിൽ ഈ വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് അവിവാഹിതർ തമ്മിലുള്ള ശാരീരിക ബന്ധം, അതിലൊരാളുടെ സ്വഭാവത്തെക്കുറിച്ച് മോശം ധാരണ ഉണ്ടാക്കാനുള്ള അടിസ്ഥാനമായി മാറരുത്.രണ്ട് അവിവാഹിതർക്ക് അവരുടെ താല്പര്യപ്രകാരം ഒരു ബന്ധം പുലർത്തുന്നതിന് തടസ്സമാകുന്ന യാതൊരു നിയമവും രാജ്യത്തില്ലെന്നും കോടതി പറഞ്ഞു. എല്ലാ പ്രണയബന്ധങ്ങളും വിവാഹത്തിൽ കലാശിക്കണമെന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
