ഇ.പി. ജയരാജന് തിരിച്ചടി, വിമാനത്തിലെ പ്രതിഷേധത്തിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവ്
ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. ഇ.പി. ജയരാജന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് പോലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക നടപടി. പുതിയ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് പോലീസിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് പ്രതിഷേധിച്ചപ്പോൾ ഇ.പി. ജയരാജൻ തങ്ങളെ മർദ്ദിച്ചു എന്ന് ചൂണ്ടിക്കാട്ടി ഫർസീൻ മജീദ് അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ വലിയതുറ പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും, ജയരാജനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, ഈ റിപ്പോർട്ട് കോടതി ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുകയാണ്.
കേസ് എഴുതിത്തള്ളാൻ സാധിക്കില്ലെന്നും ഇ.പി. ജയരാജനെതിരേയും ഗൺമാൻ അനിൽകുമാറിനുമെതിരായ പരാതിയിൽ അന്വേഷണം നടത്തണമെന്നും കോടതി നിലപാട് സ്വീകരിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും ജയരാജന് അനുകൂലമായ റിപ്പോർട്ടാണ് വന്നതെങ്കിലും കോടതി അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഇ.പി. ജയരാജൻ വീണ്ടും അന്വേഷണം നേരിടേണ്ടി വരും.
കോടതി നിർദേശത്തെ തുടർന്ന് ആദ്യം മുതൽ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നടന്ന കാര്യങ്ങളൊക്കെ പുനഃപരിശോധിക്കും. അതിനുശേഷം ഇ.പി ജരാജിന്റെ അടക്കം മൊഴി രേഖപ്പെടുത്താൻ സാധ്യതയുണ്ട്. നിലവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസിന് സമാന്തരമായി ഇ.പി ജയരാജനെതിരായ അന്വേഷണവും നടക്കും.
