പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വീട്ടുവീഴ്ച വേണ്ടെന്ന് ഉറച്ച് സിപിഐ
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വീട്ടുവീഴ്ച വേണ്ടെന്ന് ഉറച്ച് സിപിഐ. എൽ.ഡി.എഫിന്റെ പൊതു പരിപാടികളുമായി സഹകരിക്കുമെങ്കിലും
ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകുന്നത് വരെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ് സിപിഐയുടെ തീരുമാനം.
തിങ്കളാഴ്ച നാല് മണിക്ക് ചേരുന്ന എൽ.ഡി.എഫ് നേതൃയോഗത്തിൽ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.
പരിഹാരം കണ്ടെത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇടതുമുന്നണി യോഗം 17ന് ചേരുന്നത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ നിർബന്ധത്തിന് മുന്നിൽ ഉടലെടുത്ത തർക്കത്തെ തുടർന്നാണ് യോഗം ചേരാനാവാതെ നീണ്ടുപോയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഒരു തവണ മാത്രമാണ് എൽഡിഎഫ് യോഗം ചേർന്നത്. ഉപനേതാവ് സ്ഥാനം വിട്ടുകൊടുക്കാനാവില്ലെന്നാണ് സിപിഎം നിലപാട്. അതിൽ വിട്ടുവീഴ്ചയ്ക്ക് സിപിഎം തയാറാവണമെന്ന നിലപാടാണ് ഘടകകക്ഷികൾക്കുള്ളത്.
