വോട്ടു കോഴയില്‍ പ്രതികരിച്ച് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ
വടക്കാഞ്ചേരിയിലെ വോട്ടുകോഴ ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. ഏതെങ്കിലും ഒരാളെ ചാക്കിട്ട് പിടിക്കാനുള്ള ഒരിടപെടലും ഞങ്ങടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഒരിടത്തും ഒരാളെയും ചാക്കിട്ട് പിടിക്കാനുള്ള സമീപനം സിപിഎം ചെയ്തിട്ടില്ല, പ്രചരിക്കുന്ന ഓഡിയോയില്‍ സംസാരിക്കുന്നത് ആരോടാണ്? ഞങ്ങളാരും അതിൽ ഇടപെട്ടിട്ടില്ല. യുഡിഎഫ് സ്വതന്ത്രന്‍റെ വോട്ട് സംരക്ഷിക്കാനുള്ള ബാധ്യത കോൺഗ്രസിനായിരുന്നു എന്നും കെ വി അബ്ദുൾ ഖാദർ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയമായി യുഡിഎഫിന് വിരുദ്ധമായ നിലപാടെടുക്കുന്നയാളെ സംരക്ഷിക്കും എന്നു പറയുന്നതിൽ എന്താണ് തെറ്റെന്നും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനങ്ങൾ രാജിവെക്കില്ല എന്നും അബ്ദുൾ ഖാദർ പറഞ്ഞു.
കൂറുമാറിയ ജാഫർ നിലവില്‍ ഒളിവിലാണ്. എവിടേക്കാണ് പോയെന്ന് അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാജിവച്ചശേഷം പോയതാണെന്നാണ് ജാഫറിന്‍റെ ഉമ്മ പറയുന്നത്. കൂറുമാറി വോട്ടു ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ രാജിവെച്ചു. അട്ടിമറിയിലൂടെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്.
