സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍
ശബരിമല യുവതീപ്രവേശനത്തില്‍ ഒരു നിലപാടു മാറ്റവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമപരമായ കാര്യങ്ങള്‍ നോക്കിയിട്ട് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഉചിതമായ മറുപടി നല്‍കണമെന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്. സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.ഇന്നത്തെ പരിതസ്ഥിതിയില്‍ നിന്നുകൊണ്ട് നിയമപരമായ കാര്യങ്ങള്‍ കൂടി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം. ഒരു നിലപാടു മാറ്റവുമില്ല. കഴിഞ്ഞ പ്രാവശ്യം സത്യവാങ്മൂലത്തിന്റെ ഭാഗമായി കൊടുത്ത കാര്യത്തില്‍ ഉറച്ചു നിന്നുകൊണ്ടുള്ള ഭാഗങ്ങളാണ് ഇതിന്റെ ഭാഗമായിട്ട് ചര്‍ച്ച ചെയ്യുമ്പോള്‍ പരിഗണിക്കുക. യുവതീ പ്രവേശനം വേണോ വേണ്ടയോ എന്നുള്ളതല്ല സുപ്രീംകോടതിയുടെ ചോദ്യം. ഏഴു ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഏഴു ചോദ്യങ്ങളില്‍ സ്ത്രീകളുടെ പ്രവേശനം വേണോ വേണ്ടയോ എന്ന ചോദ്യമില്ല. അതുകൊണ്ടു തന്നെ അതിന്റെ മേല്‍ അനാവശ്യമായി ചര്‍ച്ച നടത്തേണ്ടകാര്യമില്ല. കോടതിയുടെ ഭാഗമായിട്ട് ഭരണഘടനാപരമായ പരിശോധനയാണ്. എല്ലാ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ശബരിമല പ്രശ്‌നം മാത്രമല്ല, ഭരണഘടനാപരമായ പ്രശ്‌നമാണ്. യുവതീ പ്രവേശനമോ, അതുപോലുള്ള കാര്യങ്ങളോ അല്ല അതില്‍ ചര്‍ച്ച ചെയ്യുകയെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
