ക്രിക്കറ്റ് സ്റ്റേഡിയം അഴിമതി കേസ്: കെസിഎ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കെസിഎയുടെ ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ വിജിലൻസിന് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കി. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയം ഭൂമി ഏറ്റെടുക്കലും നിർമ്മാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം. കെസിഎ മുൻ ഭാരവാഹി ടി സി മാത്യു അടക്കമുള്ളവരാണ് കേസിൽ പ്രതികൾ. കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസിൻ്റെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നേരത്തെയുള്ള കണ്ടെത്തൽ.
