പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം: രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എംവി ഗോവിന്ദൻ
പിണറായിക്കും റിയാസിനും വീണക്കുമെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. തെളിവിൻ്റെ കണിക പോലും ഇല്ല. പിന്നെന്തിന് ഒളിച്ചോടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചു.
എൽഡിഎഫ് യോഗം ഉടൻ വിളിക്കും. തെളിവുകളില്ലാതെ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തുകയാണ്. ശക്തമായ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം ഇനിയും ഉണ്ടാകും. ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം, മാസപ്പടി കേസിലെ ഇഡി കത്തിന്മേൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കുമെതിരായ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. സർക്കാർ തീരുമാനം കത്തായി ഇന്നായിരിക്കും ഡിജിപിക്ക് കൈമാറുക. ഇതിന് ശേഷം എസ്ഐടി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കും. എസ്ഐടി സംഘം ഇഡി ഉദ്യോഗസ്ഥരുമായി ആദ്യം കൂടിക്കാഴ്ച നടത്തും. ഇഡി കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടിൽ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കും.
