മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സണ്ണി ജോസഫിനും അനില്‍കുമാറിനുമെതിരെ സൈബര്‍ ആക്രമണം

  1. Home
  2. Latest

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സണ്ണി ജോസഫിനും അനില്‍കുമാറിനുമെതിരെ സൈബര്‍ ആക്രമണം

v d satheesan, sunny joseph


 

മന്ത്രിസഭാ യോഗത്തിലെ തര്‍ക്കത്തിന് പിന്നാലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം. മുഖ്യമന്ത്രിക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച വൈദ്യുതി മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിനെതിരെയും മറ്റൊരു മന്ത്രിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എപി അനില്‍കുമാറിനെതിരെയുമാണ് രൂക്ഷമായ സൈബര്‍ ആക്രമണം തുടരുന്നത്. ഇത്തരമൊരു നീക്കത്തിന് പിന്നില്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണെന്നാണ് കെസി വിഭാഗം ആരോപിക്കുന്നത്.

കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കുന്നെന്നും യാതൊരു കൂടിയാലോചനകളും നടക്കുന്നില്ലെന്നും എപി അനില്‍ കുമാര്‍ തുറന്നു പറഞ്ഞിരുന്നു. സമാനമായ അഭിപ്രായമാണ് യോഗത്തില്‍ സണ്ണി ജോസഫും ആവര്‍ത്തിച്ചത്. കെപിസിസി പ്രസിഡന്റായ താന്‍ പോലും കാര്യങ്ങള്‍ അറിയുന്നില്ലെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. മന്ത്രിസഭായോഗത്തില്‍ തര്‍ക്കമുണ്ടായ കാര്യം മുഖ്യമന്ത്രി തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച ഇരുവര്‍ക്കുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം തുടരുന്നത്.

എപി അനില്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ക്ക് കമന്റായി വരുന്നത് രൂക്ഷവിമര്‍ശനങ്ങളാണ്. 'വണ്ടൂര്‍ കാര്‍ക്ക് പറ്റിയ അബദ്ധം... ഇങ്ങനെ ഗ്രൂപ്പ് കളിച്ചാല്‍ അടുത്ത പ്രാവശ്യം നിയമസഭ കാണില്ല', 'ഗ്രൂപ്പ് കളിച്ചിട്ട് മന്ത്രിയുടെ പണി എടുത്താല്‍ അടുത്ത തവണ ജയിക്കില്ല', 'ഗ്രൂപ്പ് കളിച്ചിട്ട് മന്ത്രിയുടെ പണി എടുത്താല്‍ അടുത്ത തവണ ജയിക്കില്ല', 'പത്തു കൊല്ലം പ്രതിപക്ഷത്തത് ഇരുന്നപ്പോള്‍ നിന്നെയൊന്നും കണ്ടില്ലല്ലോ പിണറായി യോട് പോരാടാന്‍.. ജയിച്ചപ്പോള്‍ ഇറങ്ങിയിരിക്കുന്നു.. വഷളന്‍', 'ഇനി ഇവന്‍ എംഎല്‍എ ആകില്ല'- എന്നിങ്ങനെ നീളുന്നു അനില്‍കുമാറിനെതിരായ കമന്റുകള്‍. സണ്ണി ജോസഫിനെതിരെയും സമാനമായ രീതിയില്‍ തന്നെയാണ് സൈബര്‍ ആക്രമണം. 'വിഡി സതീശന്‍ മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ട മന്ത്രി...മൊണ്ണസണ്ണി', 'ഉള്ളത് പറയാലോ. താങ്കളെ പോലെ ഉള്ളവര്‍ കോണ്‍ഗ്രസ്സിന്റെ ശാപമാണ്. പുല്ലൂട്ടിയില്‍ കയറിയ നായയെ പോലെയാണ് പ്രവര്‍ത്തി. പുല്ല് തിന്നുകയുമില്ല, പശുവിനെ തിന്നാന്‍ അനുവദിക്കുകയുമില്ല. വിഡി സതീശനെ മര്യാദക്ക് ഭരിക്കാന്‍ അനുവദിക്കണം മിസ്റ്റര്‍'. 'താങ്കള്‍ ഒരു വന്‍ പരാജയമാണ് മിനിസ്റ്റര്‍' ...ഇങ്ങനെ നീളുന്നു സണ്ണി ജോസഫിനെതിരെ വരുന്ന കമന്റുകള്‍.