കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂൾ അന്തേവാസിയുടെ മരണം കൊലപാതകം; കെയർടേക്കർ പിടിയിൽ

  1. Home
  2. Latest

കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂൾ അന്തേവാസിയുടെ മരണം കൊലപാതകം; കെയർടേക്കർ പിടിയിൽ

anugraha


തൃശൂർ കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂളിൽ അന്തേവാസിയായ യുവാവ് മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. ഓട്ടിസം ബാധിതനായ ശ്രീനാഥ് (35) മരിച്ച സംഭവത്തിൽ സ്കൂളിലെ കെയർടേക്കറായ തിരുവനന്തപുരം വെട്ടുതുറ സ്വദേശി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് ശ്രീനാഥിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

മൃതദേഹത്തിൽ കണ്ടെത്തിയ ഗുരുതരമായ പരിക്കുകളാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ശ്രീനാഥിന്റെ വാരിയല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. കൈകളിലും കാലുകളിലും ക്രൂരമായ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. വടി കൊണ്ടും കൈകൾ കൊണ്ടും ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് കെയർടേക്കർ മഹേഷിനെ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.