സിജെപി പ്രതിഷേധത്തിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി

  1. Home
  2. Latest

സിജെപി പ്രതിഷേധത്തിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി

cjp


കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊലീസിനും ബന്ധപ്പെട്ട അധികാരികൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരുന്നത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി നാളെ ജന്തർ മന്ദറിൽ സിജെപി വലിയ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കുകയാണ്. പ്രതിഷേധത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് സേവ് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന കോടതിയെ സമീപിച്ചത്.എന്നാൽ ഹർജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. അതിനാൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. താൻ യാത്ര ആരംഭിച്ചുവെന്നും ഇനി തന്റെ ഭാവി ഇന്ത്യൻ ഭരണഘടനയുടെ കൈകളിലാണെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.അഭിജിത്തിന്റെ സുരക്ഷയെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബം സുരക്ഷാ കാരണങ്ങളാൽ വീട്ടിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുന്നത് മറ്റ് യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ അത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.അമേരിക്കയിൽ നിന്നാണ് അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക് എത്തുന്നത്.