ദില്ലിയിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത പുകമഞ്ഞ്
ദില്ലിയിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത പുകമഞ്ഞ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ദില്ലിയിൽ നിലവിലെ വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിലാണ്. ദില്ലി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുൻപേ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണം എന്ന് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.
താപനിലയിൽ ഉണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് ദില്ലിയിൽ പുകമഞ്ഞ് ശക്തമാകാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 8.2 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. കഴിഞ്ഞ മൂന്ന് ദിവസമായി വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. 456 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങളും സർക്കാർ കടുപ്പിച്ചു.
ഇതിനിടെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ ബുധനാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചായിരിക്കും ഹർജികൾ പരിഗണിക്കുക. പാർലമെന്റിലും വിഷയം പ്രതിപക്ഷം ഉയർത്തി. കോൺഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയും മാണിക്കം ടാഗോറും വായുമലിനീകരണത്തെ പറ്റി ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തും എന്നാണ് പ്രതിപക്ഷ നിലപാട്.
