ഡിഎംകെ-കോൺഗ്രസ് സഖ്യം തകർന്നു; ലോക്‌സഭയിൽ പ്രത്യേക ഇരിപ്പിടം വേണമെന്ന് കനിമൊഴി
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. സംസ്ഥാനത്ത് നിലനിന്നിരുന്ന ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി പിളർന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ലോക്‌സഭയിൽ ഡിഎംകെ അംഗങ്ങൾക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപി കനിമൊഴി സ്പീക്കർക്ക് കത്തുനൽകി.
ഇതുവരെ ലോക്‌സഭയിൽ 'ഇന്ത്യ' സഖ്യത്തിലെ കക്ഷികളായ കോൺഗ്രസിനൊപ്പമായിരുന്നു ഡിഎംകെ അംഗങ്ങൾ ഇരുന്നിരുന്നത്. എന്നാൽ സഖ്യം അവസാനിച്ച സാഹചര്യത്തിൽ കോൺഗ്രസ് എംപിമാർക്കൊപ്പം തുടരുന്നത് അനുചിതമാണെന്നും, തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിറവേറ്റാൻ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നുമാണ് കത്തിലെ ആവശ്യം.
നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപവത്കരിക്കാൻ പിന്തുണ നൽകാനുള്ള കോൺഗ്രസിന്റെ തീരുമാനമാണ് സഖ്യത്തിൽ വിള്ളലുണ്ടാക്കിയത്. കേവല ഭൂരിപക്ഷത്തിന് 10 അംഗങ്ങളുടെ കുറവുള്ള ടിവികെ കോൺഗ്രസിന്റെ പിന്തുണ തേടിയിരുന്നു. തുടർന്ന് ഡിഎംകെ സഖ്യത്തിൽ മത്സരിച്ച് 5 സീറ്റുകൾ നേടിയ കോൺഗ്രസ്, വിജയ്‌യുടെ അഭ്യർത്ഥന സ്വീകരിച്ച് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു.
ദേശീയ തലത്തിൽ 'ഇന്ത്യ' സഖ്യത്തിലെ പ്രധാന കക്ഷികളായിരുന്നു ഡിഎംകെയും കോൺഗ്രസും. തമിഴ്‌നാട്ടിലെ ഈ പിളർപ്പ് ദേശീയ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾക്കും ചർച്ചകൾക്കും വഴിതെളിക്കും. കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുന്നതോടെ ഇന്ത്യ മുന്നണിയിൽ ഡിഎംകെ ഇനി തുടരുമോ എന്നതും കണ്ടറിയണം. നിലവിൽ പാർലമെൻ്റിൻ്റെ ഇരുസഭകളിലുമായി 32 എംപിമാർ ഡിഎംകെയ്ക്ക് ഉണ്ട്. ഇവരുടെ പിന്തുണ ഇന്ത്യ സഖ്യത്തെ ശക്തീകരിക്കുന്നതിൽ നിർണ്ണായകമാണ്.
