സമരം കടുപ്പിക്കാനൊരുങ്ങി ഡോക്ടർമാർ; 13 മുതൽ അധ്യാപനവും തൊട്ടടുത്ത ആഴ്ച മുതൽ ചികിത്സയും നിർത്തിവെക്കും

  1. Home
  2. Latest

സമരം കടുപ്പിക്കാനൊരുങ്ങി ഡോക്ടർമാർ; 13 മുതൽ അധ്യാപനവും തൊട്ടടുത്ത ആഴ്ച മുതൽ ചികിത്സയും നിർത്തിവെക്കും

doctors


സൂചനാ സമരങ്ങൾ ഫലം കാണാതെ വന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (KGMCTA) നേതൃത്വത്തിൽ ഈ മാസം 13 മുതൽ അധ്യാപനവും, തൊട്ടടുത്ത ആഴ്ച മുതൽ അടിയന്തരമല്ലാത്ത ചികിത്സകളും നിർത്തിവെക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി 19-ന് സെക്രട്ടറിയേറ്റ് ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡോക്ടർമാർ അടിയന്തര ചികിത്സകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ ഒ.പി (OP) പ്രവർത്തനങ്ങൾ പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകും. എന്നാൽ ലേബർ റൂം, ഐ.സി.യു, വാർഡിലെ ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, ഡി.എ കുടിശ്ശിക നൽകുക, അശാസ്ത്രീയമായ സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 2025 ജൂലൈ മുതൽ ഡോക്ടർമാർ പ്രതിഷേധത്തിലാണ്.

നവംബറിൽ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പുകൾ ലഭിച്ചെങ്കിലും അവ പാലിക്കപ്പെടാത്തതാണ് അനിശ്ചിതകാല സമരത്തിലേക്ക് നയിച്ചതെന്ന് കെ.ജി.എം.സി.ടി.എ ഭാരവാഹികൾ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോക്ടർമാരുടെ ഈ തീരുമാനം സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.