ഭയന്ന് ഓടിപ്പോകില്ല, വിളിച്ചിരുത്തി സംസാരിക്കാൻ മര്യാദ കാട്ടണം: സസ്പെൻഷന് പിന്നാലെ വിമർശനവുമായി ലാലി ജെയിംസ്
തൃശൂർ മേയർ പദവി പണത്തിന് വിറ്റെന്ന ആരോപണത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട നടപടിയിൽ പ്രതികരണവുമായി ലാലി ജെയിംസ്. കാര്യങ്ങൾ തുറന്നുപറയുമ്പോൾ സസ്പെൻഡ് ചെയ്യുകയല്ല, മറിച്ച് വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദയാണ് നേതൃത്വം കാണിക്കേണ്ടതെന്ന് ലാലി വിമർശിച്ചു. സസ്പെൻഷൻ നടപടി ശിരസ്സാവഹിക്കുന്നുവെന്നും എന്നാൽ ഭയന്ന് ഓടിപ്പോകില്ലെന്നും അവർ വ്യക്തമാക്കി.
താനൊരു സ്ഥാനമോഹിയല്ലെന്നും എന്നാൽ അനീതി കണ്ടപ്പോൾ പ്രതികരിച്ചതാണെന്നും ലാലി പറഞ്ഞു. മേയർ പദവിക്കായി ഫണ്ട് നൽകണമെന്ന് ഡിസിസി നേതൃത്വം തന്നോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നിരസിച്ചിരുന്നു. പണപ്പെട്ടി നൽകിയവർക്കാണ് മേയർ പദവി നൽകിയതെന്നത് താൻ കേട്ട അറിവാണെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും അവർ വിശദീകരിച്ചു. പാർട്ടിക്കൊപ്പം എന്നും നിലകൊള്ളുമെന്നും ലാലി ജെയിംസ് കൂട്ടിച്ചേർത്തു.
തൃശൂർ മേയറായി നിജി ജെസ്റ്റിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ ലാലി രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്. നാല് വട്ടം കൗൺസിലറായ തന്നെ അവഗണിച്ച് പണം നൽകിയവർക്ക് പദവി വിൽക്കുകയായിരുന്നു എന്നായിരുന്നു ലാലിയുടെ ആരോപണം. സംഭവം വിവാദമായതോടെ വെള്ളിയാഴ്ച രാത്രിയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലാലി ജെയിംസിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
