നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ, കീഴ്വഴക്കങ്ങൾ മാറ്റിവെച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ട് ചോദ്യവുമായി രംഗത്ത്
നദികളിലെയും അണക്കെട്ടുകളിലെയും ചെളിയും മണലും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ, കീഴ്വഴക്കങ്ങൾ മാറ്റിവെച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ട് ചോദ്യവുമായി രംഗത്ത്. മഴക്കാലത്ത് വേമ്പനാട്ടുകായൽ കരകവിഞ്ഞുണ്ടാകുന്ന രൂക്ഷമായ വെള്ളപ്പൊക്കം തടയുന്നതിനും കായൽ നവീകരണത്തിനുമായി സർക്കാരിന്റെ ഭാഗത്തുനിന്ന് സമയബന്ധിതമായി സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് സ്പീക്കറുടെ ചോദ്യത്തിന് മുഖ്യമന്ത്രി വിഡി സതീശൻ മറുപടി നൽകി.
തിരുക്കൊച്ചി പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സായ വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് ഒഴുകിയെത്തുന്നതെന്നും എന്നാൽ അത്രയും വെള്ളം ഉൾക്കൊള്ളാൻ നിലവിൽ കായലിന് ശേഷിയില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. മുൻപ് കടലിലേക്ക് സുഗമമായി ഒഴുകിപ്പോയിരുന്ന വെള്ളം ഇപ്പോൾ പലയിടത്തും തടസ്സപ്പെട്ടു കിടക്കുകയാണ്. ഇതിനാൽ ആ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാവുകയാണെന്നും വകുപ്പ് മന്ത്രിമാരുമായി ആലോചിച്ച് കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളെ രക്ഷിക്കാൻ സമഗ്ര പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
കോട്ടയം ജില്ലയെ മാത്രമല്ല, മധ്യ-തെക്കൻ കേരളത്തെ മുഴുവൻ ബാധിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളെയും എറണാകുളത്തിന്റെ ചില ഭാഗങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. കായലിൽനിന്ന് വെള്ളം കടലിലേക്ക് ശരിയായ രീതിയിൽ ഒഴുകിപ്പോകാത്തതാണ് പ്രധാന കാരണം. തൽഫലമായി കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ രൂക്ഷമായ വെള്ളപ്പൊക്കത്തിലാവുകയും കൃഷി നശിക്കുകയും ആളുകൾ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോവുകയും ചെയ്യുകയാണ്. ഈ വിഷയത്തിൽ ദീർഘകാല കാഴ്ചപ്പാടോടെയുള്ള സമഗ്ര പദ്ധതി മുൻഗണനാടിസ്ഥാനത്തിൽ സമയബന്ധിതമായി രൂപീകരിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പുനൽകി.
