എബോള അതിവേഗം പടരുന്നു, സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്ന് WHO
മധ്യ ആഫ്രിക്കയിലെ എബോള വ്യാപനത്തിന്റെ വേഗത ആശങ്കപ്പെടുത്തുന്ന വിധം കൂടിയതായി ലോകാരോഗ്യസംഘടന. രോഗം അതിവേഗം പടരുകയാണ്. ഡി.ആർ. കോംഗോയിൽ അപകടസാധ്യതാ തോത് വളരെയധികം ഉയർന്നനിലയിലാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ഡി.ആർ. കോംഗോയിൽ ഏകദേശം സംശയിക്കപ്പെടുന്ന എബോള കേസുകളുടെ എണ്ണം 750-ഉം മരണനിരക്ക് 177-ഉം ആയിട്ടുണ്ട്. നിലവിലെ വ്യാപനം വളരെയധികം വെല്ലുവിളിക്കുന്നതാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു.
രാേഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള സർക്കാരുകൾ അതിർത്തി പരിശോധനകളും ക്വാറന്റൈൻ തയ്യാറെടുപ്പുകളും ശക്തമാക്കിയിട്ടുണ്ട്. മെയ് അവസാനം ന്യൂഡൽഹിയിൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു.
ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പബ്ലിക്ക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യവകപ്പ് അറിയിച്ചിരുന്നു. ഇന്ത്യയിൽ നിലവിൽ എബോള രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുന്നോരുക്കങ്ങളുടെ ഭാഗമായാണിത്.
പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡി ബുഗ്യോ ആണ് നിലവിലെ വ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ.
2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.
