എബോള വ്യാപനം; നിരീക്ഷണം ശക്തമാക്കി ഇന്ത്യ
ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് രാജ്യത്തെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പ്രവേശന കവാടങ്ങൾ എന്നിവയിലേക്ക് വരുന്ന യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ത്യയും പരിശോധനകൾ കടുപ്പിച്ചിരിക്കുന്നത്.
ഡി.ആർ.കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ പനി, ക്ഷീണം, തളർച്ച. തലവേദന, പേശിവേദന, ഛർദി, അതിസാരം, അകാരണമായ രക്തസ്രാവം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് മുമ്പ് എയർപോർട്ട് ഹെൽത്ത് ഓഫീസറെയോ, ഹെൽത്ത് ഡെസ്കിനെയോ വിവരം അറിയിക്കണമെന്നതാണ് പ്രധാന നിർദേശം. ഇതുവരെ ഇന്ത്യയിൽ എബോള കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടിയെന്നോണം നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
എബോളയെ നേരിടുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ബുധനാഴ്ച്ച ഉന്നതതല അവലോകന യോഗം ചേർന്നു. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു.
നിരീക്ഷണത്തിലെ ഏകോപനം, കൃത്യമായി റിപ്പോർട്ട് ചെയ്യൽ, ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കൽ തുടങ്ങിയവയിൽ ഊന്നിയാണ് അവലോകനയോഗം ചേർന്നത്. 2014-ൽ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിലും രാജ്യം സമാനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.
അതിനിടെ എബോളയുടെ പുതിയ വ്യാപനം മൂലം 139 മരണങ്ങൾ സ്ഥിരീകരിച്ചുവെന്നും സംശയിക്കപ്പെടുന്ന രോഗികളുടെ നിരക്ക് 600 കടന്നുവെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. വൈറസ് കണ്ടെത്താൻ വൈകിയതിനാൽ രോഗികളുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എബോളയുടെ അത്യപൂർവമായ വകഭേദം ബൂൻഡിബുഗോയാണ് പുതിയ വ്യാപനത്തിന് പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണ് ബൂൻഡിബുഗോ. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ. വാക്സിൻ കണ്ടെത്തിയിട്ടില്ലെന്നതാണ് ബൂൻഡിബുഗോ എന്ന വകഭേദത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്ത വകഭേദമായതിനാൽ അസാധാരണ വകഭേദം എന്നാണ് ലോകാരോഗ്യസംഘടന ഈ വകഭേദത്തെ വിശേഷിപ്പിക്കുന്നത്.
2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.
