എബോള ഭീതി: ഛത്തീസ്ഗഡിൽ മൂന്ന് ആഫ്രിക്കൻ പൗരന്മാർ നിരീക്ഷണത്തിൽ
ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് സംശയത്തെ തുടർന്ന് മൂന്നു വിദേശ പൗരന്മാരെ ഛത്തീസ്ഗഡിൽ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കൻ പൗരന്മാരെ ആണ് മുൻകരുതൽ നടപടികളുമായി ഭാഗമായി 21 ദിവസത്തേക്ക് ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചത്. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് കൈകാര്യം ചെയ്യാനായി സംസ്ഥാനം പൂർണമായും സജ്ജമാണെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ അറിയിച്ചു. ആശുപത്രികളും ക്വാറന്റൈൻ സൗകര്യങ്ങളും ജാഗ്രതയിലാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മൂന്നുപേരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചാണ് ഇവരെ നിരീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുവരെ എബോള വൈറസ് രോഗം സ്ഥിരീകരിച്ചിട്ടില്ല. ആർക്കും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. ദുർഗിലെ ക്വാറൻ്റൈൻ കേന്ദ്രത്തിലാണ് മൂവരെയും പ്രവേശിപ്പിച്ചത്.
നേരത്തെ ബെംഗളൂരുവിൽ എത്തിയ ഉഗാണ്ട സ്വദേശിയായ യുവതിയെയും നിരീക്ഷണത്തിലാക്കിയിരുന്നു. മെയ് 23നാണ് 28കാരി ഉഗാണ്ടയിൽനിന്ന് ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. എബോള ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവരെ ഇന്ദിരാ നഗറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ സാംപിൾ പരിശോധനയിൽ ഇവർക്ക് എബോളയില്ലെന്ന് സ്ഥിരീകരിച്ചു.
