സഹകരണബാങ്കുകളിലെ ഇ.ഡി. റെയ്ഡ്: സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിച്ചു

  1. Home
  2. Latest

സഹകരണബാങ്കുകളിലെ ഇ.ഡി. റെയ്ഡ്: സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിച്ചു

ed


 

കേരളത്തിലെ സഹകരണബാങ്ക്, സംഘം തട്ടിപ്പുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനെ തുടർന്ന് ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിച്ചു. അങ്കമാലി അർബൻ സഹകരണസംഘത്തിൽ 1.82 കോടി രൂപ മൂല്യമുള്ള രണ്ട് സ്ഥിരനിക്ഷേപങ്ങളും തെന്നല സഹകരണബാങ്കിൽ ഏകദേശം 24.50 ലക്ഷം രൂപയുടെ നിക്ഷേപമുള്ള 20 സ്ഥിരനിക്ഷേപങ്ങളും മരവിപ്പിക്കാൻ നിർദേശിച്ചു.

കേസിന് ആധാരമായ രേഖകളും മൊബൈൽ ഫോണുകളുമടക്കം പിടിച്ചെടുത്തു. നിർണായകമായ ഡിജിറ്റൽ തെളിവുകളും വായ്പാരേഖകളും പിടിച്ചെടുത്തു. മൂന്ന് പ്രധാന കേസുകളിലായി കേരളത്തിലാകെ 17 ഇടങ്ങളിൽ ഒരേസമയമായിരുന്നു കഴിഞ്ഞദിവസം പരിശോധന.

അങ്കമാലി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടത്തിയ പരിശോധനയ്ക്കിടെ തട്ടിപ്പ് വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ, 38 സ്ഥാവര സ്വത്തുക്കളുടെ രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, മറ്റ് രേഖകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട് അങ്കമാലി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മലപ്പുറത്തെ തെന്നല സർവീസ് സഹകരണബാങ്ക്, തൃശ്ശൂരിലെ കുട്ടനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. 27 കേസുകളിലായി ഏകദേശം 550 കോടി രൂപയുടെ അനധികൃത ആദായവും തട്ടിപ്പുകളും അന്വേഷിക്കുന്ന കൊച്ചി സോണൽ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു നീക്കം.

അങ്കമാലി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഏകദേശം 55 കോടി രൂപയുടെ തട്ടിപ്പാണ് പോലീസിന്റെ എഫ്.ഐ.ആറിലെങ്കിലും അന്വേഷണത്തിൽ 108 വസ്തുക്കളുടെമേൽ 65 അംഗങ്ങളുടെ പേരിൽ 96.74 കോടി രൂപയുടെ 422 വായ്പകൾ അനുവദിച്ചതായി കണ്ടെത്തിയെന്ന് ഇ.ഡി. പത്രക്കുറിപ്പിൽ പറയുന്നു. ഇതിൽ 33.82 കോടി രൂപയുടെ 159 വായ്പകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.