മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിക്ക് നൽകണമെന്ന് എം എ ബേബി
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി ശുപാർശയിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്നും ഇഡി സാഹിത്യകാരനായി മാറിയെന്നും എം എ ബേബി പറഞ്ഞു.
കൂട്ടിലടച്ച തത്തയാണ് ഇഡി. ബിജെപി സർക്കാരുകൾ രാഷ്ട്രീയമായി ഇഡിയെ ഉപയോഗിക്കുന്നു. കൂടുതൽ കാര്യങ്ങൾ സംസ്ഥാന നേതാക്കളോട് ചോദിച്ചാൽ മതി, അവർ വിശദീകരിക്കും. പിണറായിക്കുള്ള പിന്തുണ തുടരും. കോഴിക്കോട് നടക്കാൻ പോകുന്ന പൊതു സമ്മേളനത്തിൽ പാർട്ടിയെ കൂടുതൽ സജ്ജമാക്കും. പാർട്ടി അണികൾ നേതൃത്വത്തോട് തുറന്നു സംസാരിക്കണം. തിരുത്തലുകൾ ഉണ്ടാവും. അതാവും കോഴിക്കോട്ടെ സമ്മേളനമെന്നും എം എ ബേബി പറഞ്ഞു.
മാസപ്പടി വിവാദത്തിൽ തെളിവുണ്ടെങ്കിൽ കേസെടുക്കട്ടെയെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വെല്ലുവിളിച്ചു. ചില വാർത്തകൾ ഇഡി തന്നെ കൊടുക്കുകയാണ്. ഇഡി ആദ്യം ഒരു പത്രത്തിനാണ് വാർത്ത നൽകുന്നത്. തീർത്തും തെറ്റായ കാര്യങ്ങളാണ് ഇഡി പ്രചരിപ്പിക്കുന്നത്. ലാവ്ലിൻ കേസിലും ഇങ്ങനെയല്ലേ സംഭവിച്ചത്. ബോധപൂർവം ഗൂഢാലോചന നടത്തി തകർക്കാനുള്ള ശ്രമമാണ്. ഇതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകും. വീണക്കെതിരായ കേസ് പാർട്ടിക്കെതിരായി ഉപയോഗിക്കുന്നു. വീണയല്ല, പിണറായിയും റിയാസുമാണ് ലക്ഷ്യമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
